ജിസിസി രാജ്യങ്ങളിൽ പ്രത്യേകിച്ച് യു എ ഇ യിലെ മുൻനിര കമ്പനികളിലെ പുതിയ നിയമനങ്ങളിൽ പത്തിൽ നാല് പേർ സ്ത്രീകളാണെന്ന് പഠനം. പുറത്തുവന്ന കണക്ക് പ്രകാരം മൊത്തം നിയമനത്തിലെ 42 ശതമാനം സ്ത്രീകളാണ്.ജിസിസിയിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള കമ്പനികളിലെ തൊഴിൽ ശക്തിയുടെ 33 ശതമാനം നിലവിൽ സ്ത്രീകളാണെന്നും വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ അവതാർ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. എന്നാൽ, 10 ൽ മൂന്നിൽ താഴെ പേർക്ക് മാത്രമേ – 28 ശതമാനം – സ്ഥാനക്കയറ്റം ലഭിച്ചിക്കുന്നുള്ളൂ.
യുഎഇയിലെയും ജിസിസിയിലെയും 95 ശതമാനം കമ്പനികളും ഇപ്പോൾ സ്ത്രീകൾക്ക് നേതൃത്വ പരിശീലനം നൽകുന്നു. കൂടാതെ, 79 ശതമാനം കമ്പനികളും സ്ത്രീകളുടെ കരിയർ പുരോഗതിയെ പിന്തുണയ്ക്കുന്നതിനായി ഔപചാരിക മെന്ററിങ്ങും എക്സിക്യൂട്ടീവ് കോച്ചിങ്ങും നൽകുന്നു.
തൊഴിലിലെ തുടക്കത്തിലുള്ള (എൻട്രി ലെവൽ) തസ്തികകളിൽ 42 ശതമാനവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്, എന്നാൽ മൊത്തത്തിലുള്ള ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോഴും പര്യാപ്തമല്ലെന്ന് അവതാർ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സൗന്ദര്യ രാജേഷ്, ഖലീജ് ടൈംസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. .കോർപ്പറേറ്റ് ശ്രേണിയുടെ മുകൾ തട്ടിൽ സ്ത്രീ പ്രാതിനിധ്യം കൂടുതൽ കുറയുന്ന പ്രവണതയുണ്ടെന്നും ഡോ. സൗന്ദര്യ പറയുന്നു.
















