ആഗോള അയ്യപ്പ സംഗമം നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
പമ്പ മണൽപ്പുറത്തെ പ്രധാന വേദിക്ക് പുറമേ ഹിൽ ടോപ്പിലും ശ്രീ രാമ സാകേതം ഓഡിറ്റോറിയത്തിലുമായാണ് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നത്.
ശബരിമല മാസ്റ്റർ പ്ലാൻ, പിൽഗ്രിം ടൂറിസം വികസനം, തീർത്ഥാടനകാലയളവിലെ തിരക്ക് നിയന്ത്രണം എന്നീ വിഷയങ്ങളിൽ ഉദ്ഘാടന ചടങ്ങിന് ശേഷം സെമിനാറുകൾ നടക്കും ചർച്ചയിലൂടെ ഉയരുന്ന ആശയങ്ങൾ നടപ്പാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
അയ്യപ്പ സംഗമം ശബരിമല ദർശനത്തെ ബാധിക്കില്ലെന്നും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താമെന്നും മന്ത്രി വ്യക്തമാക്കി. സെമിനാറുകൾക്ക് പുറമേ പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ സംഗീത പരിപാടിയും നടക്കും. തമിഴ് നാട്ടിൽ നിന്ന് രണ്ടു മന്ത്രിമാർ അയ്യപ്പ സംഗമത്തിന്റെ ഭാഗമാകും. 20 ന് വൈകിട്ട് 5 മണിയോടെ അയ്യപ്പ സംഗമം അവസാനിക്കും.
















