ന്യൂഡല്‍ഹി: യുഎസിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യൻ ടെക്കിയെ പോലീസ് വെടിവച്ചു കൊന്നു. തെലങ്കാനയിലെ മഹാബൂബ് നഗറിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീന്‍ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണത്തിനു പിന്നില്‍ വംശീയ വിവേചനമാണെന്ന് കുടുംബം ആരോപിച്ചായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ മൂന്നിന് ഒപ്പം താമസിച്ചിരുന്നയാളുമായി കലഹമുണ്ടാകുകയും തുടര്‍ന്ന് പോലീസ് വെടിവെയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18-നാണ് മകന്റെ മരണവാര്‍ത്ത ലഭിച്ചതെന്ന് നിസാമുദ്ദീന്റെ പിതാവ് മുഹമ്മദ് ഹന്സുദ്ദീന് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്കയച്ച കത്തില്‍ പറയുന്നു.
മകന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ഹന്സുദ്ദീന് സഹായം തേടിയിട്ടുണ്ട്. മകന്റെ സുഹൃത്താണ് മരണവിവരം അറിയിച്ചതെന്നും ഹന്സുദ്ദീന് പിടിഐയോട് പ്രതികരിച്ചു. സാന്റാ ക്ലാര പോലീസാണ് വെടിവെച്ചതെന്നും സാന്റാ ക്ലാരയിലുള്ള ഒരാശുപത്രിയില്‍ മകന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും ആ സുഹൃത്ത് പറഞ്ഞതായി ഹന്സുദ്ദീന് കൂട്ടിച്ചേര്‍ത്തു.
പോലീസ് വെടിവെച്ചതിന്റെ യഥാര്‍ഥകാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഫ്ളോറിഡയിലെ കോളേജിലാണ് മകന് പഠിച്ചതെന്നും 2016ലാണ് നിസാമുദ്ദീന്‍ യുഎസിലേക്ക് പോയതെന്നും ഹന്സുദ്ദീന് പറഞ്ഞു. ഉദ്യോഗക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് കാലിഫോര്ണയയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മകന് യുഎസില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















