പലഹാരം എന്തായാലും അതിനൊപ്പം തക്കാളി സോസ് ഇപ്പോൾ ഒരു ശീലമായി പലർക്കും മാറിക്കഴിഞ്ഞു. എന്നാൽ ഇത് കടയിൽ നിന്നും വാങ്ങുന്നത് അത്ര നല്ലതല്ല. അതുകൊണ്ട് ഇനി നല്ല അടിപൊളി സോസ് വീട്ടിൽ ഉണ്ടാക്കാം, അതും രാസവസ്തുക്കൾ ഒന്നും ചേർക്കാതെ.
ചേരുവകൾ
തക്കാളി- 3 കിലോ
ബീറ്റ്റൂട്ട്- 1
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 1 കപ്പ്
പഞ്ചസാര – രണ്ട് ടേബിൾസ്പൂൺ
വിനാഗിരി – കാൽ കപ്പ്
കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
തക്കാളി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ബീറ്റ്റൂട്ട് കൂടി കഷ്ണങ്ങൾ ആക്കി ചേർക്കാം. ഒരു കുക്കറിലേയ്ക്ക് ഇത് മാറ്റി അര കപ്പ് വെള്ളം ഒഴിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചു വെച്ച് വേവിക്കാം. നന്നായി വെന്ത തക്കാളിയും ബീറ്റ്റൂട്ടും ഉടച്ച് വെള്ളം കളഞ്ഞ് പൾപ്പ് മാത്രമായി എടുക്കാം. ഇത് അടുകട്ടിയുള്ള മറ്റൊരു പാത്രത്തിലെടുത്ത് തിളപ്പിച്ച് കുറുക്കാം. തിളച്ചു വരുന്ന തക്കാളി പൾപ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, കാൽ കപ്പ് വിനാഗിരിയും, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം. വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.
















