പണ്ട് കാലത്ത് വളരെ അപൂർവമായി മാത്രം കണ്ടുവന്നിരുന്ന ശ്വാസകോശ ആർബുദം ഇന്ന് പ്രായഭേദമില്ലാതെ വ്യാപകമായി പിടിപെടുന്നു. പ്രായമായവരിലും പുകവലിക്കാരിലും മാത്രം കണ്ടുവന്നിരുന്ന ശ്വാസകോശ അർബുദം ഇന്ന് ചെറുപ്പക്കാരിലും പിടിമുറുക്കുകയാണ്. പുരുഷന്മാരിലും സ്ത്രീകളിലും മാത്രമല്ല കുട്ടികളിൽ പോലും രോഗം വർധിച്ചു വരുന്ന സ്ഥിതിയാണുള്ളത്. ചെറുപ്പകാർക്കിടയിലെ ശ്വാസകോശ അർബുദത്തിന്‍റെ കരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയെന്ന് നോക്കാം.
ചെറുപ്പക്കാരിലെ ശ്വാസകോശ അർബുദത്തിന്‍റെ കാരണങ്ങൾ
80 – 90 % ശ്വാസകോശ അർബുദങ്ങളും പുകവലിയുമായി ബദ്ധപ്പെട്ടിരിക്കുന്നു. നിലവിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ 81 % യുവാക്കളും 72% യുവതികളും പുകവലി ശീലമുള്ളവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം പുകവലിക്കാത്ത ചെറുപ്പക്കാർക്കിടയിലും ശ്വാസകോശ അർബുദത്തിന്‍റെ അപകട സാധ്യത വർധിക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പാരിസ്ഥിതിക ഘടകങ്ങൾ
ശ്വാസകോശ അർബുദ സാധ്യത വർധിക്കുന്നതിൽ പാരിസ്ഥിതിക ഘടകങ്ങൾക്കും പ്രധാന പങ്കുണ്ട്. വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കും. വാഹനങ്ങളുടെ പുക , വ്യവസായശാലകളിൽ നിന്നുള്ള കണികാ പദാർത്ഥങ്ങൾ, മണ്ണ്, പാറകൾ എന്നിവയിൽ നിന്നും ഉണ്ടാകുന്ന റേഡിയോ ആക്‌ടീവ് വാതകമായ റാഡോൺ തുടങ്ങിയവ ശ്വാസകോശ അർബുദത്തിന് കാരണമാകും. വിറകോ എണ്ണയോ കത്തുമ്പോഴുണ്ടാകുന്ന പുക, ആസ്ബറ്റോസ്, ഡീസൽ എക്‌സ്‌കോസ്‌റ്റ്, ആർസെനിക്, കാഡ്‌മിയം, ക്രോമിയം, സിലിക്ക എന്നിവയുമായുള്ള സമ്പർക്കം തുടങ്ങിയവയും ശ്വാസകോശ അർബുദത്തിന്‍റെ അപകട സാധ്യത വർധിപ്പിക്കും.
ജനിതക ഘടകങ്ങൾ
ജനിതക ഘടകങ്ങളും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കും. ചില ആളുകളിൽ കാണപ്പെടുന്ന പാരമ്പര്യ മ്യൂട്ടേഷനുകൾ ശ്വാസകോശ അർബുദം വരാൻ ഇടയാക്കും. EGFR , KRAS , TP53 എന്നീ ജീനുകൾ അനിയന്ത്രിതമായി കോശ വളർച്ചയ്ക്കും ട്യുമർ രൂപീകരണത്തിനും കാരണമാകും.
ചെറുപ്പക്കാരിലെ ശ്വാസകോശ അർബുദ ലക്ഷണങ്ങൾ
പ്രാരംഭ ഘട്ടത്തിൽ സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുവരാറില്ല. മിക്ക കേസുകളിലും മറ്റേതെങ്കിലും രോഗവുമായി ബന്ധപ്പെട്ട് എക്സ്റേ എടുക്കുമ്പോഴായിരിക്കും കാൻസർ കണ്ടെത്തുന്നത്. രോഗവ്യാപ്‌തി, മുഴയുടെ സ്ഥാനം, സ്വഭാവം എന്നിവയെ സംബന്ധിച്ചാണ് പൊതുവെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. ശ്വാസകോശ അർബുദത്തിന്‍റെ പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വിട്ടുമാറാത്തതോ വഷളാകുന്നതോ ആയ ചുമ
ചുമയ്ക്കുമ്പോൾ രക്തമോ കഫത്തിൽ ഇരുണ്ട നിറമോ കാണപ്പെടുക
ആഴത്തിൽ ശ്വസിക്കുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വഷളാകുന്ന നെഞ്ചുവേദന
ശ്വാസം മുട്ടൽ
പതറിയ ശബ്‌ദം
ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ പതിവ് അണുബാധകൾ
ശരീരഭാരം കുറയുക, വിശപ്പില്ലായ്‌മ
കഴുത്ത്, കക്ഷം, ലസികാ ഗ്രന്ധികൾ എന്നിവിടങ്ങിലെ വീക്കം
അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ബലഹീനത
ശ്വാസകോശ അർബുദം ശരീരത്തിന്‍റെ മാറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന ഘട്ടത്തിൽ അസ്ഥി വേദന, തലവേദന, നാഡീസംബന്ധമായ പ്രശ്‌നങ്ങൾ, വയറുവീര്‍ക്കല്‍, മുഖത്ത് നീര്, നടുവേദന, പക്ഷാഘാതം എന്നിവയും അനുഭവപ്പെട്ടേക്കാം. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധനെ സമീപിച്ച് വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
















