കൊച്ചി: സോളാര്‍വേള്‍ഡ് എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 സെപ്തംബര്‍ 23 മുതല്‍ 25 വരെ നടക്കും. ഐപിഒയിലൂടെ 490 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
440 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ 50 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 333 രൂപ മുതല്‍ 351 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 42 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 42 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
















