കാബൂള്‍: ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പരിഷ്കരണം നടത്തുന്നതിന്റെ ഭാഗമായി അഫ്ഗാൻ സർവകലാശാലകളിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. മനുഷ്യാവകാശത്തെക്കുറിച്ചും ലൈംഗികചൂഷണത്തെക്കുറിച്ചും പഠിപ്പിക്കുന്നതിനും വിലക്കുണ്ട്. കൂടാതെ പതിനെട്ട് സർവകലാശാലാ കോഴ്‌സുകളും നീക്കം ചെയ്തു.
ശരിഅത്തിനും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തിയ 680 പുസ്തകങ്ങളില്‍ 140 എണ്ണം സ്ത്രീകള്‍ എഴുതിയതാണ്. ശരിഅത്തിനും ഭരണകൂടത്തിന്റെ നയത്തിനും വിരുദ്ധമെന്ന് കണ്ടെത്തിയതിന് പിന്നാലെ 18 വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍, സര്‍വകലാശാലകളെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, ആശയവിനിമയത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികശാസ്ത്രം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളും ഉള്‍പ്പെടുന്നു. മതപണ്ഡിതരുടെയും വിദഗ്ധരുടെയും സമിതിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് താലിബാന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ സിയാവുര്‍ റഹ്‌മാന്‍ അര്യൂബി പറഞ്ഞു.
നാലുകൊല്ലം മുന്‍പ് അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന അനവധി വിലക്കുകളില്‍ ഏറ്റവും പുതിയതാണ് ഇവ. അസന്മാര്‍ഗികത തടയാനെന്ന പേരില്‍ ചുരുങ്ങിയത് പത്ത് പ്രവിശ്യകളിലെങ്കിലും ഈയാഴ്ച ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനത്തിനും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
















