ആവശ്യമെങ്കില്‍ ആണവ പദ്ധതി സൗദിക്ക് ലഭ്യമാക്കുമെന്ന് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം സൗദിയും പാകിസ്താനും ഒപ്പുവെച്ച പ്രതിരോധ കരാര്‍ പ്രകാരമാണ് ആണവ മേഖലയിലെ സഹകരണം. ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെയാണ് സൗദിയിലേക്ക് ആണവ പദ്ധതി വരുന്നത് എന്നത് ശ്രദ്ധേയമാണ്. സൗദിയും പാകിസ്താനും നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആണ് ആണവ പദ്ധതി സഹകരണത്തെ കുറിച്ച് പരാമര്‍ശിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫും ഒപ്പുവെച്ച കരാര്‍ പ്രകാരം സൗദിക്ക് ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ ഏക ആണവായുധ രാഷ്ട്രമായി കരുതപ്പെടുന്നത് ഇസ്രായേല്‍ ആണ്. സൗദിക്ക് കൂടി ആണവായുധ പദ്ധതി ലഭ്യമായാല്‍ ഈ മേഖലയിലെ ഇസ്രായേലിന്റെ ആധിപത്യം ഇല്ലാതാകും.
ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തോടെ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത ആശങ്കകള്‍ക്ക് പിന്നാലെയാണ് സൗദി-പാക് കരാര്‍ എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ അത് തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കി ഒരുമിച്ച് നേരിടുമെന്ന് സൗദി പാക് കരാര്‍ പറയുന്നു. വര്‍ഷങ്ങളായി സൈനിക സഹകരണ കരാര്‍ ഉള്ള രാജ്യങ്ങളാണ് സൗദിയും പാകിസ്താനും. ഇത് ആണവ മേഖലയിലേക്ക് കൂടി കടക്കുന്നതോടെ സഹകരണം പുതിയ തലത്തിലെത്തുകയാണ്. അതേസമയം സൗദി പാക് പ്രതിരോധ കരാര്‍ ദേശീയ സുരക്ഷയെ എങ്ങിനെ ബാധിക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ.
STORY HIGHLIGHT : Pakistan says it will provide nuclear project to Saudi Arabia if needed
















