മണിപ്പൂരില്‍ അസം റൈഫിള്‍സ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ ഭീകരര്‍ വാഹനത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു.ഇംഫാലില്‍ നിന്ന് ബിഷ്ണുപൂരിലേക്ക് പോകവെ വൈകിട്ട് ആറ് മണിയോടെയാണ് ആക്രമണം.ഇംഫാല്‍ വിമാനത്താവളത്തിന് 8 കിലോമീറ്റര്‍ അകലെയുള്ള നമ്പോല്‍ എന്ന സ്ഥലത്ത് വാഹനവ്യൂഹം കടന്നപ്പോഴാണ് വെടിവയ്പ്പുണ്ടായത്. രണ്ട് ജവാന്മാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രധാനമന്ത്രിയുടെ കോണ്‍വോയ് മണിപ്പൂരിലെത്തിയപ്പോള്‍ കടന്നുപോയ അതേ വഴിയിലാണ് ആക്രമണവും. ഏത് സംഘടനയാണ് പിന്നിലെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുരക്ഷ സേന സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്. അഞ്ച് ജില്ലകളിലെ 13 പൊലീസ് സ്റ്റേഷന്‍ പരിധിയിലൊഴികെ മണിപ്പൂരില്‍ അഫ്‌സപ് നിലവിലുണ്ട്.അഫ്‌സപ പരിധിയില്‍പ്പെടാത്ത സ്ഥലമാണ് നമ്പോല്‍. അടുത്ത മാസം അഫ്‌സപയുടെ പുനപരിശോധന നടക്കാനിരിക്കെയാണ് ആക്രമണം. മണിപ്പൂരില്‍ 11 തീവ്ര മെയ്‌തെയ് സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
STORY HIGHLIGHT : Gunmen ambush Assam Rifles vehicle in Manipur 2 jawans killed
















