വിവാദ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട് കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ വിഡിയോ ചെയ്തത്.
വിഡിയോ വസ്തുതാ വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം നേതാവ് കെ ജെ ഷൈന്റെ പരാതിയില്‍ ഇന്ന് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ പരാതിയും ഉയര്‍ന്നിരിക്കുന്നത്. ഷാജഹാന്റെ വിവാദ വിഡിയോയ്ക്ക് പിന്നാലെയാണ് കെ ജെ ഷൈനും എംഎല്‍എമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം വ്യാപകമായത്. സൈബര്‍ ആക്രമണത്തിലും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും ശക്തമായ നിയമനടപടികളുമായി ഷൈന്‍ മുന്നോട്ടുപോകുകയാണ്.
STORY HIGHLIGHT : 3 mla’s complaint against km shajahan
















