സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കെ എം ഷാജഹാന്‍ അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും സംഘം നീക്കം നടത്തുന്നതായി സൂചനയുണ്ട്. കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണസംഘത്തിലുണ്ട്. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും കൂടുതല്‍ ഉദ്യോഗസ്ഥരേയും സംഘത്തില്‍ ഉള്‍പ്പെടുത്തി.
തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ ജെ ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ഷൈന്‍ പരാതിക്കൊപ്പം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് കാട്ടി ഷൈന്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം വിവാദ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട് കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരും പരാതി നല്‍കിയിരുന്നു. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
STORY HIGHLIGHT : KJ Shine’s complaint; special team to investigate
















