ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളിലൊരാളായ ജൂനിയർ എൻടിആറിന് പരസ്യം
ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താരത്തിന്റെ ഔദ്യോഗിക ടീം അറിയിച്ചു. നിലവിൽ വിശ്രമത്തിലുള്ള താരത്തിന്, ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
ടീം പുറത്തുവിട്ട പ്രസ്താവനയിൽ, “ജൂനിയർ എൻടിആറിന് പരസ്യചിത്രീകരണത്തിനിടെ ഒരു ചെറിയ പരിക്ക് പറ്റി. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമിക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്, അതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു” എന്ന് വ്യക്തമാക്കി.
ജൂനിയർ എൻടിആർ നായകനായ ഏറ്റവും പുതിയ ചിത്രം ‘വാർ 2’ ആണ്. ഇതിന് പുറമെ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗൺ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങാൻ ഒരുങ്ങുകയായിരുന്നു താരം. അടുത്ത വർഷം ജൂണിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ജൂനിയർ എൻടിആർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
















