പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. 25 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ചു രണ്ടു മന്ത്രിമാരും സംഗമത്തിന്റെ ഭാഗമാവും.
മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും ഇന്നലെ തന്നെ പമ്പയിലെത്തിയിരുന്നു. പമ്പാ മണപ്പുറത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. പിന്നീട് 3 വേദികളിലായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ എന്നിവ ഉദ്ഘാടനത്തിനുശേഷം നടക്കും.
മാസ്റ്റർപ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. സംഗമത്തിന്റെപേരിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഘപരിവാർ സംഘടനകളും പങ്കെടുക്കില്ല. പന്തളം കൊട്ടാരം സംഗമത്തിൽനിന്ന് വിട്ടുനിൽക്കും.
















