ന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായ ഒപ്പുശേഖരണ കാമ്പയിൻ തുടങ്ങിയതിനൊപ്പം തെരഞ്ഞെടുപ്പ് കമീഷനെതിരായ പ്രചാരണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമീഷൻ ഉണർന്നിരുന്ന് വോട്ടുകൊള്ള നോക്കിയിരുന്ന് കള്ളന്മാരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ആവർത്തിച്ചു. തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് സമാന്തരമായ ഒരു സംവിധാനം രൂപപ്പെടുത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയെന്ന ആരോപണം തെളിവുകളോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഹുൽ.
വോട്ടർപട്ടികയിൽ പേരുകൾ നീക്കുന്നതിലും കൂട്ടിച്ചേർക്കുന്നതിലും സംഘടിതമായ ശക്തിയും ബുദ്ധികേന്ദ്രവുമുണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇത് ആരെന്നതിലേക്കുള്ള വിരൽചൂണ്ടൽ ഹൈഡ്രജൻ ബോംബ് ആരോപണങ്ങളിലുണ്ടായേക്കും. ഉന്നത ഭരണകേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന റെക്കോഡ് ചെയ്ത ശബ്ദശകലങ്ങളുൾപ്പെടെ ശക്തമായ ആരോപണത്തിനാണ് തയ്യാറെടുക്കുന്നതെന്നാണ് വിവരം.
അതേസമയം, വോട്ടുകൊള്ളക്കെതിരായ പോരാട്ടത്തിൽ ഒപ്പംനിന്ന് ജനാധിപത്യം സംരക്ഷിക്കാൻ യുവാക്കളോടും ‘ജെൻ സീ’യോടും രാഹുൽ ആവശ്യപ്പെട്ടതിനെതിരെ കമീഷനെ പ്രതിരോധിക്കാൻ ബി.ജെ.പി രംഗത്തുവന്നു. ബംഗ്ലാദേശിലെയും നേപ്പാളിലെയും സാഹചര്യം ഇന്ത്യയിലുണ്ടാക്കാനാണ് രാഹുലിന്റെ നീക്കമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം.
















