പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. പതിനൊന്നരവരെയാണ് ഉദ്ഘാടന സെഷൻ. രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.
നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്.
ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനമാണ് സംഗമത്തിൽ പ്രധാന ചർച്ചാവിഷയം. 3000 പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ അവതരിപ്പിക്കും.
പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ സ്പോൺസർമാരെ കണ്ടെത്തുക എന്നതാണ് സംഗമത്തിൻ്റെ പ്രധാന ലക്ഷ്യം. ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സംഗമം നടത്തണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാൽ ദേവസ്വം ബോർഡും പൊലീസും കർശന ജാഗ്രതയിലാണ്.
















