കോടതികള്‍ കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം പോലീസ് ആസ്ഥാനത്ത് നിന്നും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങള്‍ പോലീസ് രേഖകളില്‍ നിന്നും നീക്കം ചെയ്യാത്തതിനാല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്.
കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ സ്റ്റേഷന്‍ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് മാനുവല്‍ കാലാനുസൃതമായിപരിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം സ്വീകരിച്ച കമ്മീഷന്‍ ഏറിയാല്‍ 3 മാസത്തിനകം ഇത് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ കമ്മറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. 2024 ജൂലൈ ഒന്നിന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നതിനെതുടര്‍ന്ന് കാലഹരണപ്പെട്ട പോലീസ് മാനുവല്‍ സമഗ്രമായി പരിഷ്‌ക്കരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മറ്റികള്‍ രൂപീകരിച്ച് പരിഷ്‌ക്കരണ ജോലികള്‍ നടന്നു വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
കോടതി കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ നിന്നും യഥാസമയം നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം കൂടി കേരള പോലീസ് മാനുവലിന്റെ കരടില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കാന്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കുലര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ അജോ കുറ്റിക്കന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
CONTENT HIGH LIGHTS; Will the police remove it?: The information of those acquitted by the court should be removed from the station register immediately; Human Rights Commission
















