കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തയാണെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ. സമൂഹം അപലപിക്കേണ്ട കാര്യമാണിതെന്നും തന്റെ സാമൂഹിക പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തെറ്റായ സംഭവം സത്യമെന്ന് തോന്നിക്കും വിധം കെ എം ഷാജഹാന്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നും ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
‘പറവൂരില്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം തിരുവനന്തപുരത്തിരുന്ന് ഷാജഹാന്‍ എങ്ങനെ അറിഞ്ഞു? ഇത് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ബാധ്യത ഷാജഹാനുണ്ട്.
സമ്പന്നമായ രാഷ്ട്രീയ ചരിത്രത്തിന് കളങ്കം ഏല്‍പ്പിക്കുന്ന സംഭവമാണിത്. സമൂഹമാധ്യമ ഇടം ദുരുപയോഗം ചെയ്തു. ആരോപണങ്ങള്‍ പടച്ചുവിടുന്നവര്‍ എനിക്കൊരു കുടുംബമുണ്ട് എന്നോര്‍ക്കണം. ഭാര്യയും മക്കളും ഉണ്ട് എന്ന് ഓര്‍ക്കണം’, ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
















