ഭാവി ഗതാഗത സംവിധാനങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട്, ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്സൽ വിതരണം അബുദാബിയിൽ വിജയകരമായി പരീക്ഷിച്ചു.
ഗതാഗത മേഖല എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതാണ് ഈ പരീക്ഷണം. ചെറിയ പാഴ്സലുകൾ കൊണ്ടുപോകുന്ന ഡ്രോണുകൾക്ക് പുറമെ, 250 കിലോ ഭാരം വരെ വഹിക്കാൻ ശേഷിയുള്ള ‘ഹിലി’ (Hili) എന്ന ഹൈബ്രിഡ് ഓട്ടോണമസ് വിമാനവും (Hybrid Autonomous Aircraft) ഈ ഡെലിവറി ശൃംഖലയിൽ ഉടൻ എത്തുന്നുണ്ട്.
അബുദാബിയെ സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്സൽ ഡെലിവറി സംവിധാനം വിജയകരമായി പരീക്ഷിച്ചു.
ഈ നൂതന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ITC) സ്മാർട്ട് ഡെലിവറി സൊല്യൂഷൻസ് കമ്പനിയായ ‘ലോഡ് ഓട്ടോണമസു’മാണ്.
റോബോട്ടിക് കൈകളോടുകൂടിയ ഡ്രോൺ ഉപയോഗിച്ച് അൽ സംഹയിൽ നിന്ന് കിസാദിലേക്ക് പാഴ്സൽ എത്തിച്ചാണ് ആദ്യ പരീക്ഷണം നടത്തിയത്. കൃത്യമായ നാവിഗേഷൻ സംവിധാനമുപയോഗിച്ച് നടത്തിയ ഈ ഡെലിവറി പൂർണ്ണ വിജയമായിരുന്നു.
സാധാരണ ഡെലിവറി രീതികൾക്ക് ദിവസങ്ങൾ വേണ്ടിവരുമ്പോൾ, ഡ്രോണുകൾ വഴി മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്ന് ‘ലോഡ് ഓട്ടോണമസ്’ സിഇഒ റാഷിദ് മത്തർ അൽ മനായി പറഞ്ഞു. ഈ സാങ്കേതികവിദ്യ ഇ-കൊമേഴ്‌സ് മേഖലയുടെ വളർച്ചയ്ക്ക് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















