യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ വിസ നിയമം അനുസരിച്ച്, ഞായറാഴ്ച മുതൽ 100,000 യുഎസ് ഡോളർ (ഏകദേശം 88 ലക്ഷത്തിലധികം രൂപ) വാർഷിക ഫീസ് നൽകിയില്ലെങ്കിൽ നിലവിലെ വിസ ഹോൾഡർമാർ ഉൾപ്പെടെയുള്ള എച്ച്-1ബി വിസയിലുള്ള ജീവനക്കാർക്ക് യുഎസിൽ പ്രവേശനം നിഷേധിക്കും.
ഞായറാഴ്ച (സെപ്റ്റംബർ 21) രാവിലെ 12:01 എ.എം EDT (ഇന്ത്യൻ സമയം രാവിലെ 9:30) ന് ശേഷം യുഎസിൽ പ്രവേശിക്കുന്ന എല്ലാ എച്ച്-1ബി വിസക്കാർക്കും യാത്രാവിലക്കും ഫീസ് ആവശ്യകതകളും ബാധകമായിരിക്കും. പുതിയ എച്ച്-1ബി, എച്ച്-1ബി എക്സ്റ്റൻഷനുകൾക്ക് ഈ നടപടികൾ പൂർത്തിയാക്കുന്നതിന് 100,000 ഡോളർ നൽകണം. ഓരോ വർഷവും വിസ നിലനിർത്തുന്നതിന് വർഷം തോറും 100,000 ഡോളർ വീതം നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കുടിയേറ്റ നയം പരിഷ്‌കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉയർന്ന വരുമാനക്കാരെ, പണമുള്ള ആളുകളെ കൊണ്ടുവരിക എന്നതാണ് ആശയം. കുറഞ്ഞ ഫീസ് നിരക്ക് പല തസ്‌തികകളിലും അമേരിക്കക്കാർക്ക് പകരം വിദേശികളെ നിയമിക്കാൻ കാരണമായി. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള അവസരങ്ങൾ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പുതിയ നയം പ്രഖ്യാപിക്കവേ വ്യക്തമാക്കി.
നിലവിലുള്ള വെറ്റിംഗ് ചാർജുകൾക്ക് പുറമേ ആണ് ഈ ഫീസ് ഈടാക്കുക. പുതുക്കലുകള്‍ക്കും ഫീ വർധനവ് ബാധകമാകും. മുഴുവൻ തുകയും മുൻകൂറായി ശേഖരിക്കണോ അതോ വാർഷികമായി ശേഖരിക്കണോ എന്ന് ഭരണകൂടം പിന്നീട് തീരുമാനിക്കും. ശമ്പള നിലവാരമോ നൈപുണ്യ ആവശ്യകതയോ പരിഗണിക്കാതെ എല്ലാ എച്ച്-1ബി തസ്‌തികകൾക്കും ഫീസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനത്തിനും വികസനത്തിനുമായി പരിചയക്കുറവുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന തസ്‌തികകള്‍ ഇതിലൂടെ ഇല്ലാതാക്കാനാകും എന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ പോലുള്ള ഇന്ത്യൻ ഐടി കമ്പനികളെ ഈ മാറ്റം സാരമായി ബാധിച്ചേക്കാം. ഈ കമ്പനികള്‍ ക്ലയൻ്റ് പ്രോജക്റ്റുകൾക്കും നൈപുണ്യ വികസനത്തിനുമായി ജൂനിയർ, മിഡ്-ലെവൽ എഞ്ചിനീയർമാരെ യുഎസിലേക്ക് കൊണ്ടുവരാൻ എച്ച്-1B വിസകൾ ഉപയോഗിച്ചിട്ടുണ്ട്.
അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിൽ കൃത്യതയും വേഗതയും നൽകുന്നതിനാൽ ടെക് കമ്പനികൾ പുതിയ മാറ്റങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് സെക്രട്ടറി ലുട്‌നിക് അവകാശപ്പെട്ടു. അതേസമയം എച്ച്-1ബി വിസ ക്വാട്ടകൾ മാറ്റമില്ലാതെ തുടരും. പക്ഷേ ഫീ കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ കുറവ് അപേക്ഷകള്‍ മാത്രമേ ഇനി പ്രതീക്ഷിക്കുന്നുള്ളൂ എന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻ്റെ മെച്ചപ്പെടുത്തിയ വെറ്റിംഗ് നടപടിക്രമങ്ങൾക്കൊപ്പം പുതിയ ഫീസും നടപ്പിലാക്കുമെന്ന് ലുട്‌നിക് പറഞ്ഞു. പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏതാനും ആഴ്‌ചകൾക്കുള്ളിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. പുതിയ ഫീസ് ഘടന നടപ്പിലാക്കിയ ശേഷം പ്രോസസ് ചെയ്‌ത എല്ലാ അപേക്ഷകൾക്കും ബാധകമാകും. അതുകൊണ്ടു തന്നെ പുതുക്കൽ കാലയളവ് വരുമ്പോൾ നിലവിൽ എച്ച്-1ബി തൊഴിലാളികളുള്ള കമ്പനികൾക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം.
വിദേശത്ത് നിന്നുള്ള മികച്ച പ്രഫഷണലുകളെ അമേരിക്കയിൽ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്ന താത്‌കാലിക വർക്ക് വിസയാണ് എച്ച്-1ബി. ശാസ്ത്രം, ഐടി, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളിൽ യുഎസിൽ ജോലി സുരക്ഷിതമാക്കാൻ ഈ വിസ സഹായിക്കും. ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകളെ ലക്ഷ്യമിട്ട് 1990ൽ ആണ് എച്ച്-1ബി വിസ ആരംഭിക്കുന്നത്. അമേരിക്കൻ പൗരന്മാരുടേതിനു തുല്യമായ ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളും വിസ ഉറപ്പാക്കുന്നു.
മൂന്ന് വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്. പിന്നീടിത് പരമാവധി ആറ് വർഷം വരെ നീട്ടാൻ കഴിയും. പെർമെനൻ്റ് റസിഡൻസ് ലഭിച്ചവർക്ക് വിസ അനിശ്ചിതമായി പുതുക്കാൻ കഴിയും. അപേക്ഷകർ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതിൽ നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുക. അപേക്ഷകരെ തെരഞ്ഞെടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവരാൻ നീക്കമുണ്ട്.
കഴിഞ്ഞ വർഷത്തെ കണക്കുകള്‍ അനുസരിച്ച് എച്ച്-1ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകരിൽ 71 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 11.7%. പുതിയ നിയമത്തോടെ ഈ സാഹചര്യം മാറും.
88 ലക്ഷം മധ്യ വർഗ ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയായിരിക്കും. ഗ്രീൻ കാർഡ് ലഭിക്കാൻ സമയം കൂടുതൽ എടുക്കും എന്നതിനാൽ വിസ പുതുക്കലും അധിക ബാധ്യതയാകും. ഓരോ തവണ പുതുക്കുമ്പോഴും ഏകദേശം 88 ലക്ഷം രൂപയിലധികം നൽകേണ്ടി വരും.
കൂടാതെ, പൗരത്വ അപേക്ഷകർക്കായി യുഎസ് സർക്കാർ പരീക്ഷയും അവതരിപ്പിക്കുന്നുണ്ട്. 2020ൽ പ്രസിഡൻ്റ് പദവിയിൽ ഇരുന്നപ്പോൾ ട്രംപ് നടപ്പിലാക്കിയ ഈ നയം ജോ ബൈഡൻ ഭരണകൂടം റദ്ദാക്കിയിരുന്നു. ഈ പരീക്ഷ താരതമ്യേന കഠിനമെണെന്നാണ് അഭിപ്രായം. യുഎസ് ചരിത്രവും രാഷ്ട്രീയവും ഉൾക്കൊള്ളുന്ന 128 ചോദ്യങ്ങൾ പഠിക്കുകയും, 20 ചോദ്യങ്ങളിൽ 12 എണ്ണത്തിനു വാക്കാലുള്ള പരീക്ഷയിൽ ശരിയുത്തരം നൽകുകയും വേണമെന്നാണ് നിബന്ധന.
വ്യക്തികൾക്ക് 10 ലക്ഷം യുഎസ് ഡോളറും വ്യവസായങ്ങൾക്ക് 20 ലക്ഷം യുഎസ് ഡോളറും ഫീസ് നിശ്ചയിച്ചിട്ടുള്ള ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്.
















