ഇന്ന് ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഹോര്‍മോണല്‍ വ്യത്യാസങ്ങളും വളരെ നേരത്തെ ഒരു പെണ്‍കുട്ടിയില്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഋതുമതികളാകുന്നു. എന്നാൽ ഇതിന് ഒരു പരിധിവരെ കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് റിപ്പോർട്ട്.
തണുപ്പേറിയ ഇടങ്ങളില്‍ പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാകുകയും ചൂടേറിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികളുടെ ആദ്യ ആര്‍ത്തവം വൈകിയെത്തുകയും ചെയ്യുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ നോര്‍ത്ത് സൗത്ത് സര്‍വകലാശാലയ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകര്‍ നടത്തിയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 1992-93 വര്‍ഷങ്ങളിലെയും 2019-21 വര്‍ഷങ്ങളിലെയും ജനസംഖ്യ- ആരോഗ്യ സര്‍വേകളുടെ വിവരങ്ങളും നാസയില്‍ നിന്നുള്ള കാലാവസ്ഥ വിവരങ്ങളും വിശകലനം ചെയ്‌തതില്‍ നിന്നാണ് ഗവേഷകര്‍ ഇത്തരമൊരു അനുമാനത്തിലെത്തിയിരിക്കുന്നത്.
1992ല്‍ 23,000 പേരുടെ പ്രതികരണങ്ങളാണ് വിശകലനം ചെയ്‌തത്. 2019ല്‍ 45,300 പേരുടെ അഭിപ്രായങ്ങളും പരിശോധിച്ചു. പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തിലാണ് വിശകലന ഫലങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനത്തെയും പെണ്‍കുട്ടികള്‍ വളരെ നേരത്തെ തന്നെ ഋതുമതികളാകുന്നുവെന്ന് ഇതില്‍ പറയുന്നു. അതേസമയം മഹാരാഷ്‌ട്രയില്‍ വൈകിയാണ് പെണ്‍കുട്ടികളില്‍ ആദ്യ ആര്‍ത്തവം ഉണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
1992 മുതല്‍ 2019 വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളുടെ ആദ്യ ആര്‍ത്തവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഈ പഠനം പരിശോധിച്ചുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനവും ജനസംഖ്യാ ഘടകങ്ങളും പെണ്‍കുട്ടികളിലെ ആര്‍ത്തവ ചക്രത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാനാണ് ഇത്തരമൊരു പഠനം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ലോകത്തെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ആര്‍ത്തവ ആരംഭ പ്രായത്തില്‍വലിയ വ്യത്യാസം വന്നിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ മിക്ക കുട്ടികളും ഋതുമതികളാകുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി മുതലാണ് ഇത്തരമൊരു പ്രവണത കണ്ട് തുടങ്ങിയതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും പെണ്‍കുട്ടികളിലെ ആര്‍ത്തവചക്രത്തെ ബാധിക്കുന്നതെങ്ങനെയെന്ന പഠനം നേരത്തെ പുറത്ത് വന്നിരുന്നു. അമിത വണ്ണവും നേരത്തെയുള്ള ആര്‍ത്തവവും സംബന്ധിച്ച പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രത ആരോഗ്യസ്ഥിതിയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.മഹാരാഷ്‌ട്രയിലെ കുട്ടികള്‍ക്ക് കൂടുതല്‍ ചൂട് അനുഭവിക്കേണ്ടി വരുന്നത് മൂലം ഇവര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നുവെന്നും ഇത് അവരുടെ ഹോര്‍മോണുകളെ ബാധിക്കുന്നുവെന്നും അത് മൂലം ഋതുമതിയാകുന്നത് വൈകുന്നുവെന്നുമാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
കാലാവസ്ഥ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിരന്തരം നിരീക്ഷണം നടത്തണമെന്നും ഗവേഷകര്‍ ആഹ്വാനം ചെയ്യുന്നു. എങ്കില്‍ മാത്രമേ പരിസ്ഥിതി വ്യതിയാനവും ഋതുമതിയാകലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്തിച്ചേരാനാകൂ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളിലെ പോഷണം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ പ്രാപ്യമാകുന്നതിനും ആരോഗ്യ അവബോധം സൃഷ്‌ടിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യ രംഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാകേണ്ടതിന്‍റെ ആവശ്യകതയാണ് പഠനം ഉയര്‍ത്തിക്കാട്ടുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎഫ് ഇന്‍റര്‍നാഷണല്‍ എന്ന ഡിഎച്ച്എസ് പദ്ധതി വഴി എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും ദരിദ്ര-മധ്യ വരുമാന രാജ്യങ്ങളില്‍ ആരോഗ്യ സര്‍വേകള്‍ നടത്താറുണ്ട്. പ്രസവ-ശിശു ആരോഗ്യമടക്കമുള്ള വിഷയങ്ങളാണ് ഇവര്‍ പരിശോധിക്കുന്നത്.
















