പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗ വൈകല്യങ്ങളും തടയുവാന്‍ കേരള ഗവണ്‍മെന്റിന്റെ ആക്ഷന്‍ പ്ലാന്‍ ആരോഗ്യവകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കി. പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗ വൈകല്യങ്ങളും തടയുന്നതിന് കേരള ഗവണ്‍മെന്റിന്റെ ആക്ഷന്‍ പ്ലാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അംഗീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് 2019-ല്‍ മരണപ്പെട്ട സംഭവത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതു താല്പര്യ ഹര്‍ജിയിലും കോടതി സ്വമേധയാ എടുത്ത കേസിലും സംയുക്തമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുപാലിച്ചാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
പാമ്പ് കടി വിഷബാധ സമയബന്ധിതമായി ചികിത്സ ലഭിക്കേണ്ട രോഗാവസ്ഥയാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രെട്ടറി ഡോ. ശര്‍മിള മേരി ജോസഫിന്റെ ഉത്തരവില്‍ പറയുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥ വ്യതിയാനങ്ങളും അനുസരിച്ചും ഗ്രാമ പ്രദേശങ്ങളിലും വന അതിര്‍ത്തികളിലും കാര്‍ഷിക ജോലിക്കിടയിലും പാമ്പ് കടിയേല്‍ക്കല്‍ വര്‍ദ്ധിച്ച് വരികയാണ്. കേരള പബ്ലിക് ഹെല്‍ത്ത് ആക്ടില്‍ പാമ്പ് കടിയേല്‍ക്കല്‍ രോഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് മരണങ്ങളും അംഗ വൈകല്യങ്ങളും 2030 ആകുമ്പോള്‍ പൂര്‍ണ്ണമായി സംസ്ഥാനത്ത് നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പാമ്പ് കടി വിഷബാധ ഏല്‍ക്കല്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും മതിയായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകരിച്ച് പുറത്തിറക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ (എം) വകുപ്പിന്റെ ഉത്തരവില്‍ പരാമര്‍ശിക്കുന്നു.
അഡ്വ. കുളത്തൂര്‍ ജയ്സിങ് ഹൈക്കോടതിയില്‍ 2019-ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2025-ലാണ് കോടതി ഉത്തരവ് ഉണ്ടായത്. പ്രസ്തുത ഉത്തരവില്‍ പാമ്പിന്‍ വിഷ പ്രതിരോധ മരുന്ന് കേരള സംസ്ഥാനത്ത് തന്നെ വികസിപ്പിച്ചെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും, പാമ്പിന്‍ കടി വിഷബാധ രോഗമായി കേരള പബ്ലിക് ഹെല്‍ത്ത് ആക്ടില്‍ വേഗം ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പാമ്പിന്‍ കടിയേല്‍ക്കലില്‍ നിന്ന് രക്ഷിക്കുവാന്‍ ആവിശ്യമായ മാര്‍ഗ്ഗ രേഖയും സ്‌കൂള്‍ കെട്ടിടങ്ങളുടെയും മറ്റും ഉറപ്പും സ്‌കൂളിലെയും പരിസര പ്രദേശങ്ങളിലെ വൃത്തിയും സംബന്ധിച്ച് വിപുലമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലറും പുതിയ സ്‌കൂള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദേശവും പ്രസ്തുത ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തിര സ്വഭാവത്തില്‍ പുറത്ത് ഇറക്കിയിരുന്നു.
















