കൊച്ചി: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം ജന്മദിനാഘോഷത്തിന് മുന്നോടിയായി ശുചിത്വദിനമാചരിച്ച് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ്. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍, അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അമൃത കോളേജ് ഓഫ് നഴ്‌സിംഗ്, അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി, അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്‌സ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
കൊച്ചി ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസ് പരിസരത്തിന് പുറമെ സമീപത്തുള്ള പൊതു പാതകളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ശുചിയാക്കി. മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃത വിശ്വവിദ്യാപീഠവും മാതാ അമൃതാനന്ദമയി മഠവും വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൊച്ചി ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസില്‍ വെച്ച് നടന്ന ശുചീകരണ യജ്ഞത്തില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ഷാജി പി ചാലി മുഖ്യാതിഥിയായിരുന്നു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. ആനന്ദ് കുമാര്‍, ഡോ. ജഗ്ഗു സ്വാമി, കൊച്ചി അമൃത ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. രഹ്ന, ബ്രഹ്മസ്ഥാനം ക്യാമ്പസ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.
















