വിശന്നിരിക്കുമ്പോൾ തലവേദനയെടുക്കുന്നത് ശരീരം നമ്മളോട് സംസാരിക്കുന്നതാണ്. തലച്ചോർ അതിൻ്റെ പ്രാഥമിക ഊർജ്ജ സ്രോതസ്സായി ആശ്രയിക്കുന്നത് ഗ്ലൂക്കോസിനെയാണ്. നിങ്ങൾ ഭക്ഷണം ഒഴിവാക്കുമ്പോൾ, ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കുറയുന്നു, ഇത് തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുന്നു. ഏകാഗ്രത കുറയുന്നതിനും ഓർമ്മക്കുറവിനും കാരണമാകുന്നു.
നീണ്ടുനിൽക്കുന്ന ഗ്ലൂക്കോസിൻ്റെ കുറവ് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂടുന്നതിന് കാരണമാകുന്നു, ഇത് വൈജ്ഞാനിക പ്രവർത്തനത്തെ കൂടുതൽ ദുർബലമാക്കുകയും ദേഷ്യവും ഉത്കണ്ഠയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടിയ സന്ദർഭങ്ങളിൽ, മസ്തിഷ്കം ഊർജ്ജത്തിനായി കെറ്റോണുകളിലേക്ക് മാറിയേക്കാം, ഈ പരിവർത്തനം മാനസികമായ പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമായേക്കാം.
ഒഴിഞ്ഞ വയറുമായി ഇരിക്കുമ്പോഴുണ്ടാകുന്ന തലവേദന പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ (ഹൈപ്പോഗ്ലൈസീമിയ) കുറവുമൂലമാണ്, ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഗ്ലൂക്കോസിൻ്റെ അഭാവം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ വർധനവിന് കാരണമാകുന്നു, ഇതുമൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുകയും തലവേദന അനുഭവപ്പെടുകയും ചെയ്യുന്നു.നിർജ്ജലീകരണവും വിശപ്പ് മൂലമുണ്ടാകുന്ന പേശികളുടെ പിരിമുറുക്കവും അസ്വസ്ഥത വർദ്ധിപ്പിക്കുന്നു.
6 മണിക്കൂറിലധികം ഭക്ഷണം കഴിക്കാതെ തുടരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്നും ഇത് വിശപ്പ് മൂലമുണ്ടാകുന്ന തലവേദനയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. പ്രോട്ടീനുകളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും ഉൾപ്പെടെയുള്ള സമീകൃത ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുന്നത് ഏറ്റവും നല്ലതാണ്, ഇത് ഊർജ്ജം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
















