അത്താഴത്തിന് സാധാരണയായി രണ്ട് പ്രധാന ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്: ചപ്പാത്തി അല്ലെങ്കിൽ ചോറ്. രണ്ടും വൈവിധ്യമാർന്നതും, കൂടുതലായി ആളുകൾ കഴിക്കുന്നതും, ഇന്ത്യൻ അടുക്കളകളിൽ സ്ഥിര സാന്നിധ്യം നേടിയവയുമാണ്. എന്നാൽ, ദിവസത്തിലെ അവസാന ഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ, ദഹനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. വയർ നിറഞ്ഞ അത്താഴം നിങ്ങളെ വീർപ്പുമുട്ടിക്കുകയോ, മന്ദത അനുഭവപ്പെടുകയോ, അല്ലെങ്കിൽ ഉറക്കത്തെ തടസപ്പെടുത്തുകയോ ചെയ്തേക്കാം.
അതുകൊണ്ടാണ് രാത്രിയിൽ ചപ്പാത്തിയോ അതോ ചോറോ കഴിക്കുന്നതാണ് നല്ലതെന്ന് പലരും ചോദിക്കുന്നത്. രണ്ടും കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണെങ്കിലും, നാരുകളുടെ അളവ്, സംതൃപ്തി, ദഹന വേഗത എന്നിവയിൽ അവ വ്യത്യാസപ്പെട്ടിരിക്കുന്നു. ജീവിതശൈലിക്കും ആരോഗ്യ ലക്ഷ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായത് എന്താണെന്ന് നോക്കാം.
സാധാരണയായി ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചപ്പാത്തിയിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ സാവധാനത്തിൽ ദഹിക്കുന്നുവെന്ന് 2018 ലെ ഒരു ഗവേഷണ പ്രബന്ധം പറയുന്നു. ഈ മന്ദഗതിയിലുള്ള ദഹനം കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ഊർജം പുറത്തുവിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ദീർഘനേരം വയറു നിറയുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു എന്നിവയൊക്കെയാണ് രാത്രിയിൽ ചപ്പാത്തി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ. എന്നിരുന്നാലും, അസിഡിറ്റിക്ക് സാധ്യതയുള്ളവർക്കോ ദഹനക്കുറവുള്ളവർക്കോ, രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് അത്ര നല്ലതല്ല.
അതേസമയം തവിട് നീക്കം ചെയ്ത, പ്രത്യേകിച്ച് വെളുത്ത അരി വളരെ വേഗത്തിൽ ദഹിക്കുന്നു. രാത്രിയിൽ ചോറ് കഴിക്കുമ്പോൾ മികച്ച ഉറക്കവും വയറു വീർക്കുന്നതും കുറവാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. വയറിന് ആശ്വാസം നൽകുന്നു, വേഗത്തിൽ ആഗിരണം ചെയ്യുന്നു, സെറോടോണിന്റെ അളവ് വർധിപ്പിച്ച് ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു എന്നിവയൊക്കെയാണ് രാത്രിയിൽ ചോറ് കഴിക്കുന്നതിന്റെ ഗുണങ്ങൾ. നേരത്തെ അത്താഴം കഴിക്കുന്നവർക്കും കുറഞ്ഞ പ്രവർത്തന നിലവാരം ഉള്ളവർക്കും ഇതൊരു നല്ല ഓപ്ഷനാണ്.
ഇതൊക്കെയാണെങ്കിലും, ചോറ് വേഗത്തിൽ ദഹിക്കുന്നു, അതിനാൽ വിശപ്പ് വേഗത്തിൽ തിരിച്ചെത്തിയേക്കാം, പ്രത്യേകിച്ച് അത്താഴം നേരത്തെ കഴിച്ചാൽ. പരിപ്പ്, പച്ചക്കറികൾ, അല്ലെങ്കിൽ ലീൻ പ്രോട്ടീൻ എന്നിവയുമായി ചോറ് സംയോജിപ്പിക്കുന്നത് സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, വലിയ അളവിൽ ചോറ്, പ്രത്യേകിച്ച് കാലറി കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.
ദഹനവും പോഷകമൂല്യവും മെച്ചപ്പെടുത്തുന്നതിന്, ശരിയായ ഭക്ഷണങ്ങളുമായി ചപ്പാത്തിയോ ചോറോ ചേർത്ത് കഴിക്കണം. ചോറിനൊപ്പം പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിന് പരിപ്പ്, മീൻ, അല്ലെങ്കിൽ പനീർ എന്നിവയുമായി ജോഡിയാക്കുക. നാരുകൾക്കായി വഴറ്റിയതോ ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ ചേർക്കുക. ചപ്പാത്തി സബ്സി, പരിപ്പ്, അല്ലെങ്കിൽ ലീൻ പ്രോട്ടീൻ എന്നിവയുമായി സംയോജിപ്പിക്കുക. തൈരും നല്ലൊരു ജോഡിയാണ്.
ദഹനം മന്ദഗതിയിലാക്കാനും ഉറക്കത്തെ ശല്യപ്പെടുത്താനും സാധ്യതയുള്ള കൊഴുപ്പുള്ള ഗ്രേവികൾ, വറുത്ത ഭക്ഷണങ്ങൾ, അല്ലെങ്കിൽ നെയ്യ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ രാത്രിയിൽ ഒഴിവാക്കുക. ഭക്ഷണത്തിന്റെ അളവ് കൃത്യമായി പാലിച്ചാൽ, ചോറും ചപ്പാത്തിയും അത്താഴത്തിന് ഒരുപോലെ അനുയോജ്യമാകും.
















