കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം കാരക്കോട് മാടമ്പ്ര സ്വദേശിയായ 13 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം വർധിച്ച സാഹചര്യത്തിൽ, രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടപടികളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്.
















