ന്യൂഡല്‍ഹി: എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. പുതുക്കിയ നിരക്ക് പുതിയ അപേക്ഷകര്‍ക്ക് മാത്രമാവും ബാധകമാവുകയെന്ന് യുഎസ് അഡ്മിനിസ്‌ട്രേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല.
എച്ച് 1 ബി വിസാ ഫീസ് ഒരുലക്ഷം രൂപ ഡോളറാക്കി ഉയര്‍ത്തുകയും സെപ്തംബര്‍ 21 ാം തീയതി മുതല്‍ പ്രാബല്യത്തിലാക്കുകയും ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ത്യക്കാരായ യാത്രക്കാര്‍ കടുത്ത ആശങ്കയിലായിരുന്നു. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരുന്ന പലരും ടിക്കറ്റ് റദ്ദാക്കുന്ന സ്ഥിതിയായിരുന്നു. ഫീസ് വര്‍ധനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് നേരിട്ടുള്ള വിമാനടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിരുന്നു.
എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിയിൽ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.
















