അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്നും കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ സന്നിധാനത്ത് എത്തിച്ചത്. സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ ആണ് സ്വർണപ്പാളികൾ. ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും സ്വർണ്ണപ്പാളി തിരികെ സ്ഥാപിക്കുക.
കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് അടയ്ക്കുന്നതിനാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വ്യക്തത വരുത്തിയിട്ടില്ല. ഇന്നലെ ആഗോള അയ്യപ്പ സംഗമം സമാപിച്ച് മാധ്യമങ്ങളടക്കം മടങ്ങിയ ശേഷം അതീവ രഹസ്യമായാണ് ദേവസ്വം ബോർഡ് സ്വർണപ്പാളികൾ സന്നിധാനത്ത് എത്തിച്ചത്. ഓണക്കാലത്തെ പ്രത്യേക പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീകോവിലിന് മുന്നിലെ
സ്വർണപ്പാളി അറ്റകുറ്റപ്പണികൾക്കായി ഇളക്കി മാറ്റിയത്.സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞതുമായി വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം,2019 അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെ തൂക്കം കുറഞ്ഞതിൽ ഹൈക്കോടതി ഗുരുതര വിമർശനമാണ് ദേവസ്വം ബോർഡിനെതിരെ ഉന്നയിച്ചത്. സ്വർണപ്പാളികൾ എന്നത് ചെമ്പ് തകിടുകൾ എന്ന് മനഃപൂർവം രേഖപ്പെടുത്തി.വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഹൈകോടതി നീരിക്ഷിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം ദിവസം വിജിലൻസ് എസ് പി യുടെ അന്വേഷണം പുരോഗമിക്കുകയാണ് രണ്ടാഴ്ചയ്ക്കകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
















