പട്‌ന: ബിഹാറില്‍ തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി ബിജെപി. ഹീരാബെന്‍ മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യമുണ്ടായെന്ന ആരോപണവുമായിട്ടാണ് ബിജെപി ഇപ്പോൾ രംഗത്തെത്തിയത്.
എന്നാല്‍, ആരോപണം തള്ളിയ ആര്‍ജെഡി, വീഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും തിരിച്ചടിച്ചു. ശനിയാഴ്ച രാത്രിയാണ് ആര്‍ജെഡിക്കെതിരായ ആരോപണത്തിന് ആധാരമായ വീഡിയോ ബിജെപിയുടെ ബിഹാര്‍ ഘടകം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. ആര്‍ജെഡി വേദിയില്‍ തേജസ്വി യാദവ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിഹാര്‍ അധികാര്‍ യാത്രയിലാണ് തേജസ്വി യാദവ്.
മോദിയുടെ അമ്മയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിനുള്ള അവസരം തേജസ്വി യാദവ് തന്റെ റാലിയില്‍ വീണ്ടും ഒരുക്കിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു. അമ്മമാരെയും സഹോദരിമാരെയും അസഭ്യംപറയുക എന്നൊരു പദ്ധതി മാത്രമാണ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അവരുടെ നിരാശ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഒരു അമ്മയെ അസഭ്യം പറയുന്നവരെ ബിഹാര്‍ മറക്കില്ലെന്നും എല്ലാ അധിക്ഷേപത്തിനും ബിഹാറിലെ അമ്മമാരും സഹോദരിമാരും മറുപടി നല്‍കുമെന്നും കുറിപ്പിലുണ്ട്.
അതേസമയം, റാലിക്കിടെ മോദിയുടെ അമ്മയ്‌ക്കെതിരേ ആര്‍ജെഡി പ്രവര്‍ത്തകരോ മറ്റാരെങ്കിലുമോ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി എംഎല്‍എ ഡോ. മുകേഷ് റൗഷന്‍ പറഞ്ഞു. ആര്‍ജെഡിയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി ബിജെപി വീഡിയോയില്‍ കൃത്രിമത്വം കാണിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ ദര്‍ഭംഗയില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രാവേളയില്‍ മോദിയുടെ അമ്മയെ ഒരുകൂട്ടം ചെറുപ്പക്കാര്‍ അധിക്ഷേപിച്ചതിന് പിന്നാലെ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
















