തിരുവനന്തപുരം കോവളത്ത് നടത്തിയ പരിശോധനയിൽ ആറര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആഴാകുളം പെരുമരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാനു (46) അറസ്റ്റിലായി.
തമിഴ്‌നാട് പൊലീസിൻ്റെ ഓർഗനൈസ്ഡ് ക്രൈം ഇൻ്റലിജൻസ് യൂണിറ്റും കോവളം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്. നോട്ടുകെട്ടുകൾ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഷാനുവിൻ്റെ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്.
നേരത്തെ, കള്ളനോട്ടുകളുമായി തമിഴ്‌നാട് സ്വദേശിയായ രാംകുമാറിനെ ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ നൽകിയ നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷക സംഘം കോവളത്തേക്ക് എത്തിയത്.
ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊലീസ് ഷാനുവിൻ്റെ താമസസ്ഥലത്ത് പരിശോധന ആരംഭിച്ചത്. കൂടുതൽ കള്ളനോട്ട് സംഘാംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
















