വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാന്‍ സജ്ജമാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പരിഷ്‌കരണം നടപ്പാക്കുന്നതിന് വേണ്ട പ്രാഥമിക നടപടിക്രമങ്ങള്‍ ഈ മാസം 30 ന് മുന്‍പ് പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. ഒക്ടോബറില്‍ തന്നെ പ്രത്യേക തീവ്ര പരിഷ്‌കരണം പൂര്‍ത്തിയാക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. 10 -15 ദിവസങ്ങള്‍ക്കുള്ളില്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കാന്‍ തയ്യാറാകണം എന്നാണ് സിഇഒ മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ച വോട്ടര്‍പട്ടിക അനുസരിച്ചായിരിക്കും തീവ്ര പരിഷ്‌കരണത്തില്‍ ഇലക്ടറല്‍ റോള്‍ തയ്യാറാക്കുക. ബിഹാറില്‍ 2003 ല്‍ പരിഷ്‌കരിച്ച വോട്ടര്‍ പട്ടിക അനുസരിച്ചാണ് തീവ്രപരിഷ്‌കരണം നടപ്പാക്കുന്നത്. ഉത്തരാഖണ്ഡില്‍ 2006 ലെയും ഡല്‍ഹിയില്‍ 2008 ലെയും ഇലക്ടറല്‍ റോള്‍ ആണ് റഫറന്‍സ് പോയിന്റായി ഉപയോഗിക്കുക. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും 2002 -2004 കാലഘട്ടത്തിലാണ് വോട്ടര്‍ പട്ടിക പരിഷകരണം നടന്നിട്ടുള്ളത്.
വോട്ടര്‍മാരുടെ ജനനസ്ഥലം പരിശോധിക്കുകയും അനധികൃത വിദേശ കുടിയേറ്റക്കാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയുമാണ് എസ്‌ഐആറിന്റെ പ്രധാന ലക്ഷ്യം. ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നിരവധി സംസ്ഥാനങ്ങളില്‍ നടക്കുന്ന നടപടികളുടെ ഭാഗമാണ് നീക്കമെന്നും ആക്ഷേപങ്ങളുണ്ട്. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ 2026 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുന്നു എന്ന സാഹചര്യവും പ്രധാനമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പുതുക്കിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.
STORY HIGHLIGHT : election-commission-directed-all-state-chief-electoral-officers-be-ready-for-the-sir
















