ഹൈദരാബാദിൽ റാഗിംഗ് മൂലമുണ്ടായ മാനസിക പീഡനത്തെ തുടർന്ന് എൻജിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. സിദ്ധാർത്ഥ് എൻജിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജാദവ് സായ് തേജ (22)ആണ് കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്.
താൻ റാഗിംഗിന് ഇരയായെന്ന് സായ് തേജ ആത്മഹത്യക്ക് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോയിൽ ഭയചകിതനായി കാണപ്പെടുന്ന സായ് തേജ തന്നെ റാഗ് ചെയ്തവർ മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തുന്നു. കൂടാതെ, തൻ്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
കോളേജിലെ സീനിയർ വിദ്യാർത്ഥികൾ സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഏകദേശം 10,000 രൂപയുടെ ബില്ല് അടയ്ക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്.
ഈ സംഭവങ്ങൾക്ക് പിന്നാലെയുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് സായ് തേജയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അഭിഭാഷകൻ കിഷോർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















