മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയിലെ മുന്‍നിര താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനേക്കാള്‍ തെലുങ്കിലാണ് അനുപമ കൂടുതല്‍ സജീവം. തെലുങ്കില്‍ ഒരുപാട് ആരാധകരെ നേടാനും സാധിച്ചു. പുതിയ ചിത്രമായ കിഷ്കിന്ധാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് നടി. അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
തൻ്റെ സുഹൃത്തുമായുണ്ടായ തര്‍ക്കത്തിൻ്റെ വേദനാജനകമായ ഓർമയാണ് നടി പങ്കുവെച്ചിരിക്കുന്നത്. തസുഹൃത്തിൻ്റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. സാധാരണയായി ചിരിച്ചും സന്തോഷത്തോടെയും അഭിമുഖത്തിലെത്തുന്ന നടി അനുപമ, മന സ്റ്റാർസിൻ്റെ അഭിമുഖത്തിലാണ് തൻ്റെ മനസ്സിനെ ഇന്നും വേട്ടയാടുന്ന ആ അനുഭവം തുറന്ന് പറഞ്ഞത്.
വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു.- താരം പറയുന്നു.
അവന് ക്യാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും.- എന്നും അനുപമ പറയുന്നു. താരത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അതേസമയം, ഹൊറർ ചിത്രമായ കിഷ്കിന്ധാപുരിയിൽ, മൈഥിലിയായാണ് അനുപമ വരുന്നകത്. പ്രേമത്തിലൂടെയാണ് അനുപമ കരിയര്‍ ആരംഭിക്കുന്നത്. പക്ഷെ താരമാകുന്നത് തെലുങ്കിലൂടെയാണ്. തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ പറദ്ദയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ധ്രുവ് വിക്രമിനൊപ്പം അഭിനയിക്കുന്ന മാരി സെല്‍വരാജ് ചിത്രം ബൈസന്‍ ആണ് അനുപമയുടെ പുതിയ സിനിമ.
















