പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേയ്സ്ബുക്ക് ലൈവിട്ട സംഭവത്തിൽ ഭാര്യയ്ക്ക് ആഡംബര ജീവിതവും മറ്റ് ബന്ധങ്ങളും ഉണ്ടെന്ന് ആരോപണം. കലയനാട് ചരുവിള വീട്ടില്‍ ശാലിനി ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി ഐസക്ക് ഫെയ്സ്ബുക്ക് ലൈവ് പങ്കുവെയ്ക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ശാലിനിയുടെ വീട്ടില്‍ എത്തിയ ഐസക്ക് കഴുത്തില്‍ കുത്തിയും വെട്ടിയുമാണ് ഇവരെ കൊലപ്പെടുത്തിയത്. ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ഫെയ്സ്ബുക്ക് ലൈവില്‍ ഭാര്യയെ കൊന്നതായി ഏറ്റുപറയുകയായിരുന്നു. രണ്ടര മിനിറ്റോളം നീണ്ട ലൈവിന് ശേഷം ഇയാൾ കൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയും ചെയ്തു.
കൊലപാതകത്തിനുള്ള കാരണമായി ഐസക് പറയുന്നത് ഭാര്യയുടെ ആഡംബര ജീവിതവും താനറിയാത്ത പല ബന്ധങ്ങളും ഉണ്ട് എന്നതാണ്. കൂടാതെ തന്റെ അര്‍ബുദ രോഗിയായ ഒരു മകനെ ശാലിനി ശ്രദ്ധിക്കുന്നില്ല എന്നതുൾപ്പെടെയുള്ള കാരണങ്ങൾ ഐസക് വീഡിയോയിലൂടെ പറയുന്നു. കൂടാതെ ശാലിനി ജോലിക്ക് പോകുന്നതില്‍ ഐസക്കിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ജോലി ഒഴിവാക്കാന്‍ ശാലിനി തയ്യാറായില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ ഇരുവരും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.
കുടുംബ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്നു. ഇരുവർക്കും രണ്ട് ആണ്മക്കളാണ്. ശാലിനി ഒരു സ്വകാര്യ സ്കൂളിലെ ആയയായി ജോലി ചെയ്യുകയായിരുന്നു. ശാലിനിയുടെ മൃതദേഹം കൊല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: husband murders wife punalur
















