മാമ്പഴക്കാലമെന്നാൽ അടുക്കളയിലെ വിഭവ സമൃദ്ധമായ ഊണ് കഴിക്കാം എന്നു കൂടി ഓർത്തോളൂ. പച്ചമാങ്ങയും പഴുത്ത മാങ്ങയും ചേർത്ത് വ്യത്യസ്ത രുചിഭേദങ്ങൾ സൃഷ്ടിക്കുന്ന കറികളുടെ മണമായിരിക്കും മിക്ക വീടുകളിലും. അതിൽ അധികം ആളുകളെയും കൊതിപ്പിക്കുന്നത് മാമ്പഴക്കറിയാണ്. സ്വൽപം എരിവും മധുരവും പുളിയും കൂടികലർന്ന ആ നാടൻ വിഭവം ചോറിനൊപ്പവും അല്ലെതെയും കഴിക്കാം. നന്നായി പഴുത്ത നാട്ടുമാങ്ങയാണ് ഇത് തയ്യാറാക്കാൻ ഉത്തമം. ചെറിയ പുളിയോടു കൂടിയ ഈ മാമ്പഴത്തിനൊപ്പം തേങ്ങയും ശർക്കരയുമാണ് ചേർക്കുന്നത്. മാമ്പഴക്കറി എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകള്‍
മാങ്ങ- 10
ശർക്കര- 1
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
തേങ്ങ ചിരകിയത്- 3 കപ്പ്
ഏലയ്ക്ക- ആവശ്യത്തിന്
നെയ്യ്- 3 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
വറ്റൽമുളക്- 3
കടുക്- 1 ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാം. കത്തികൊണ്ട് ചെറിയ വരകൾ അതിലിട്ട് മാറ്റി വയ്ക്കാം. മൂന്ന് കപ്പ് തേങ്ങയിലേയ്ക്ക് ശർക്കര പൊടിച്ചു ചേർക്കാം.ഒപ്പം ചെറിയ സ്പൂൺ ഏലയ്ക്ക് പൊടിച്ചതും ചേർക്കാം.ഇതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം.ശർക്കര നന്നായി അലിഞ്ഞ് വെള്ളം വറ്റി തുടങ്ങുമ്പോൾ മാമ്പഴം അതിലേയ്ക്കു ചേർക്കാം.ഒപ്പം മൂന്ന് ടീസ്പൂൺ നെയ്യ് ഒഴിക്കാം.കറി കുറുകുമ്പോൾ അടുപ്പണയ്ക്കാം.ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.ഈ താളിപ്പ് കറിയിലേയ്ക്കു ചേർത്ത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
















