ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. ശൗചാലയം അന്വേഷിച്ച് അബദ്ധത്തിൽ കോക്ക് പിറ്റിനടുത്ത് എത്തുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. കൂടാതെ ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
‘വാരണാസിയിലേക്കുള്ള ഞങ്ങളുടെ ഒരു വിമാനത്തില്‍, ശൗചാലയം അന്വേഷിക്കുന്നതിനിടെ യാത്രക്കാരന്‍ കോക്പിറ്റിന് സമീപമെത്തിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഞങ്ങളുടെ വിമാനങ്ങളില്‍ നിലവിലുള്ളത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. നിലവില്‍ അന്വേഷണം നടന്നുവരികയാണ്.’ എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.
വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപമെത്തിയതും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നത്. ഉടൻ തന്നെ ഇയാളെ ജീവനക്കാർ തടയുകയായിരുന്നു.
STORY HIGHLIGHT: air india express flight
















