സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണ പരാതിയിൽ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് പരിശോധന. തിരുവനന്തപുരത്തെ ഉള്ളൂർ ചെറുവയ്ക്കലിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. രാത്രി 9 മണിയോടെയാണ് പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഷാജഹാന്റെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. ഷാജഹാന്റെ ഐഫോൺ കസ്റ്റഡിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവ ഉപയോഗിച്ചുകൊണ്ടായിരുന്നു ഷാജഹാൻ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. യൂട്യൂബ് വീഡിയോ ദൃശ്യങ്ങൾ വീട്ടിൽവെച്ചാണോ ചിത്രീകരിച്ചത്, ഇവ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറ, ലാപ്ടോപ്പ് എന്നിവയും പൊലീസ് സംഘം പരിശോധിക്കുകയാണ്.
കെ എം ഷാജഹാൻ വീട്ടിൽ തന്നെ ഉണ്ടെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. മുനമ്പം ഡിവൈഎസ്പിയ്ക്കാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കെ ജെ ഷൈനിന്റെ പരാതിയിൽ മാത്രമല്ല മറ്റ് മൂന്ന് ഇടത് എംഎൽഎമാർ കൂടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഷാജഹാനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിക്കുകയും, ലൈംഗികപരമായി പരാമർശം നടത്തുന്നു എന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കെ എം ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം ആലുവ സൈബർ ക്രൈം ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി കൊണ്ട് പൊലീസ് നോട്ടീസ് നൽകി. കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
STORY HIGHLIGHT : Police search KM Shahjahan’s house; iPhone taken into custody
















