വയനാട് നെന്മേനിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികന്‍ തൂങ്ങി മരിച്ചു.അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ബാങ്ക് വായ്പയുടെ പേരില്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ശങ്കരന്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ശങ്കരന്‍കുട്ടിയെ വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ശങ്കരന്‍കുട്ടി മനപ്രയാസത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
20 വര്‍ഷം മുമ്പ് ശങ്കരന്‍കുട്ടി സുല്‍ത്താന്‍ ബത്തേരി ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 25,000 രൂപ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിലവില്‍ പലിശയുള്‍പ്പടെ രണ്ട് ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. ഇതിനെ തുടര്‍ന്ന് ബാങ്ക് കോടതിയെ സമീപിച്ചു. കോടതി ശങ്കരന്‍കുട്ടിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.ഇതിനെ തുടര്‍ന്ന് നാടുവിട്ടു പോവുകുമെന്ന് പിതാവ് പറഞ്ഞിരുന്നതായി മകന്‍ ബാബു പറയുന്നു. അമ്പലവയല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
STORY HIGHLIGHT : adivasi man died by hanging after receiving notice from court
















