പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം ഉസ്മാൻ ഡെംബലെയ്ക്ക്. ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരത്തിന് അർഹനായത്. പുരസ്കാര വേളയിൽ വികാരഭരിതനായ താരം ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദിയറിയിച്ചു.
പി എസ് ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 33 ഗോളും 13 അസിസ്റ്റുമായി നിറഞ്ഞാടിയ താരത്തിന്റെ ചിറകേറി പാരിസിയന്മാർ ലിഗ് വൺ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഗോൾഡൻ ബൂട്ടിനുടമയും ചാമ്പ്യൻസ് ലീഗിന്റെ താരവുമായി സീസൺ ഗംഭീരമാക്കിയ ഡെംബലെ ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ടു ഗോളും ആറ് അസിസ്റ്റും കുറിച്ചു. ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ് പോലുള്ള വമ്പന്മാർക്കെതിരെ നേടിയ ഗോളുകൾ ടീമിനെ വിജയിപ്പിക്കുന്നതിൽ ചെറുതായൊന്നുമല്ല സഹായിച്ചത്.
സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മിഡ്ഫീൽഡർ അയ്റ്റാന ബോൺമറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി ഓർ ഫെമിനിൻ പുരസ്കാരം നേടി. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോൺമറ്റി ബാലൺ ഡി ഓർ ഫെമിനിൻ പുരസ്കാരത്തിന് അർഹയാകുന്നത്.
















