കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് തേടി കോടതി. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ഡ്രീം ബിഗ് ഫിലിംസിന്റെ സുജിത് നായർ, റോഡ്‌വേ ക്ലാസിക്സ് ഉടമ മർവ സൈൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ സിറാജ് വലിയതറ നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോർട്ട് തേടിയത്.
സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ കേസെടുത്തിരുന്നു. സൗബിൻ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാണത്തിന് ഏഴു കോടി രൂപ നല്‍കിയെങ്കിലും 40 ശതമാനം ലാഭമെന്ന വാഗ്ദാനം പാലിച്ചില്ലെന്നു കാട്ടിയാണ് സൗബിൻ ഉൾപ്പെടെയുള്ളവർക്കെതിരെ അരൂർ സ്വദേശി പരാതി നൽകിയത്. തുടർന്ന് കോടതി നിർദേശപ്രകാരം മരട് പൊലീസ് കേസെടുത്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാൻ ഹൈക്കോടതി നിർദേശിച്ചു.
മഞ്ഞുമ്മൽ ബോയ്സിന് എല്ലാ മാർഗത്തിലൂടെയുമായി 265 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് വിവിധ കണക്കുകളെ ആശ്രയിച്ചുള്ള പൊലീസ് റിപ്പോർട്ട്. 50 ലക്ഷം രൂപ മാത്രമായിരുന്നു പരാതിക്കാരനു പ്രതികൾ തിരികെ നൽകിയത്. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകാതെ നിർമാതാക്കൾ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം. ഈ വിഷയത്തിൽ പലതവണ നിർമാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് കൊച്ചി മരട് പൊലീസിൽ പരാതി നൽകിയത്.
















