പാരിസ്: യുഎൻ പൊതുസഭ വാർഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയും ഫ്രാൻസും സംഘടിപ്പിച്ച ഉച്ചകോടിയിൽ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാൻസ് പ്രഖ്യാപനം നടത്തി. കൂടുതൽ രാജ്യങ്ങൾ സമാന പ്രഖ്യാപനം നടത്തുമെന്നാണു വിവരം. സമാധാനത്തിനുള്ള സമയം ആഗതമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ദ്വിരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് ഫ്രാൻസിന്റെ നീക്കം. അമേരിക്കയും ഇസ്രായേലും ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെയും യുഎസിന്റെയും ശക്തമായ എതിർപ്പ് മറികടന്നുള്ള നയതന്ത്ര നീക്കം പലസ്തീന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
നേരത്തെ യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഹമാസ് ബന്ധികളാക്കിയവരെ വിട്ടയക്കുകയും ഫലസ്തീനിൽ അധികാരമാറ്റം നടക്കുകയും ചെയ്താൽ ഔദ്യോഗികമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുമെന്നാണ് ബെൽജിയത്തിന്റെ നിലപാട്. യുകെ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഫലസ്തീൻ ജനത സമാധാനത്തോടെ ജീവിക്കാൻ അർഹരെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു. കാനഡയും ഓസ്‌ട്രേലിയയും ഫലസ്‌തീനെ രാജ്യമായി അംഗീകരിച്ചു.
അതേസമയം, രാജ്യാന്തരതലത്തിൽ ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. സൈനികനടപടി ശക്തമായി തുടരുമെന്ന് ടെൽ അവീവിൽ സൈനികനേതൃത്വവുമായുള്ള യോഗത്തിനുശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. ഇതിനിടെയിലും ഗസ്സയിൽ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്രായേൽ. ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ 37 പേർ കൂടി കൊല്ലപ്പെട്ടു.
















