ഓൺലൈൻ മുഖേന കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം നടത്തിയ നീക്കം വൻ വിജയമായി. ഒരു രാജ്യാന്തര ഓപ്പറേഷനിലൂടെ ലോകത്തിലെ 14 രാജ്യങ്ങളിൽ നിന്നുള്ള 188 സൈബർ കുറ്റവാളികളെയാണ് യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ നിർണായക ഓപ്പറേഷനിലൂടെ 165 കുട്ടികളെയാണ് സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചത്. സൈബർ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള യുഎഇയുടെ പ്രതിബദ്ധത ഈ ഓപ്പറേഷൻ അടിവരയിടുന്നു. ഓൺലൈൻ ബാലപീഡനം തടയുന്നതിനുള്ള യുഎഇയുടെ ശക്തമായ നിലപാടിൻ്റെ ഭാഗമായാണ് ‘ഷീൽഡ് ഓഫ് ഹോപ്’ എന്ന് പേരിട്ട ഈ ചരിത്രപരമായ ദൗത്യം നടത്തിയത്.
ഈ രാജ്യാന്തര ഓപ്പറേഷനായി ലോകമെമ്പാടുമുള്ള 14 രാജ്യങ്ങളിലെ പോലീസ് ഏജൻസികളുമായി യുഎഇ സഹകരിച്ചു. റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലദ്വീപ്, ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിലെ പൊലീസ് ഏജൻസികളുമായി സഹകരിച്ചാണ് റെയ്ഡുകൾ നടന്നത്.
അന്വേഷണത്തിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനും അവരുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കാനും ഉപയോഗിച്ച നൂറുകണക്കിന് ഡിജിറ്റൽ അക്കൗണ്ടുകൾ കണ്ടെത്തി. ഈ വിവരങ്ങൾ അതത് രാജ്യങ്ങളിലെ ഏജൻസികൾക്ക് കൈമാറിയ ശേഷമാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. റെയ്ഡിനിടെ, 28 ക്രിമിനൽ നെറ്റ്‌വർക്കുകളാണ് യുഎഇ സൈബർ പട്രോൾ യൂണിറ്റുകളുടെ നിരീക്ഷണത്തിൽ കണ്ടെത്തി തകർത്തത്.
















