ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നു. സെപ്റ്റംബര്‍ 24-ന് രാവിലെ 11:45-നാണ് അദ്ദേഹം സ്‌കൂളിലെത്തുന്നത്. ‘ഇന്‍സ്പയറിംഗ് ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് സ്‌പേസ് എക്‌സ്‌പ്ലോറേഴ്‌സ്’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടിയിലാണ് പ്രശാന്ത് നായര്‍ പങ്കെടുക്കുക. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ഗഗന്‍യാന്‍ ദൗത്യത്തെക്കുറിച്ചും, ബഹിരാകാശ ഗവേഷണ രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംസാരിക്കും.
പ്രശാന്ത് ബാലകൃഷ്ണന്‍ നായരുടെ സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നും ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് കടന്നുവരാന്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഈ സന്ദര്‍ശനത്തിലൂടെ അടുത്ത തലമുറയിലെ ബഹിരാകാശ പര്യവേക്ഷകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് സ്‌കൂള്‍ മുന്നോട്ട് വെക്കുന്നത്. തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഏറെ ആകാംഷയോടെയാണ് പ്രശാന്ത് നായരെ കാത്തിരിക്കുന്നത്. മോഡല്‍ സ്‌കൂളിലെ സ്‌പേസ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഗഗന്‍യാന്‍ പദ്ധതിയുടെ ഒന്നാമത്തെ ഡയറക്ടറും മോഡല്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയുമായ ഡോ. ഉമാമഹേശ്വരനും പങ്കെടുക്കും.
CONTENT HIGH LIGHTS; Gaganyaan Mission: Astronaut Prashanth Balakrishnan Nair at Thycaud Government Model School
















