2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വംശഹത്യ ഇന്നും തുടരുകയാണ്. ഗാസയിൽ മനുഷ്യന്റെ തുടിപ്പ് ഇല്ലാതാകുന്നത് വരെ നെതന്യാഹു അടങ്ങില്ലെന്ന് തോന്നുന്നു. 65000ൽ അധികം പേരുടെ ജീവനെടുത്തുകഴിഞ്ഞു ഇസ്രയേൽ ഇതിനകം.ഇതിൽ 20000 ത്തോളവും കുഞ്ഞുങ്ങളാണ്. പതിനായിരത്തിലധികം സ്ത്രീകളാണ്. കൊടിയ പട്ടിണിയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചത് 428 പേരാണ്. രണ്ട് ലക്ഷത്തോളം മനുഷ്യർക്കാണ് ഈ ദിവസങ്ങളിൽ ഗുരുതര പരുക്കേറ്റത്. ഭയാമാണ് ഇന്ന് ഗാസയുടെ മുഖം. ജീവൻ ബാക്കിയുള്ള മനുഷ്യർ വിശന്നൊട്ടിയ വയറുമായി കിട്ടയതെല്ലാം കൂട്ടിപ്പെറുക്കി ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യുന്നു.ഗാസയിലെ കാഴ്ചയാണിത്.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന നരനായാട്ട് ലോക രാഷ്ട്രങ്ങളെ ഉള്ളുലയ്ക്കുന്നു. അതിനാൽ തന്നെയാണ് കൂടുതൽ രാഷ്ട്രങ്ങൾ പാലസ്ഥീന് പിന്തുണയുമായി എത്തുന്നത്.പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഇപ്പോൾ ഫ്രാൻസും രംഗത്തെത്തിയിരിക്കുകയാണ്. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഫ്രാൻസിന്റെയും പ്രഖ്യാപനം. സൗദിയും ഫ്രാൻസും സംഘടിപ്പിച്ച ഉച്ചകോടിയിലാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് പ്രഖ്യാപനം നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ വാർഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി – ഫ്രാൻസ് ഉച്ചകോടി നടന്നത്.
കൂടുതൽ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കും എന്നാണ് റിപ്പോർട്ട്. ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളും ഇതിനകം തന്നെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കഴിഞ്ഞു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ശക്തമായ എതിർപ്പുകൾ മറികടന്നാണ് വിവിധ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുന്നത്.
അതേസമയം, ഉച്ചകോടി വെറും സർക്കസാണെന്ന് ഇസ്രയേലിന്റെ ആരോപണം. ഉച്ചകോടി ബഹിഷ്കരിക്കുമെന്നും ഇസ്രയേൽ പറഞ്ഞു. അമേരിക്കയും ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട നിലയിലാണ് ഇസ്രയേൽ. എന്നാൽ, ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഇസ്രയേൽ. സൈനികനടപടി ശക്തമായി തുടരുമെന്ന് ടെൽ അവീവിൽ സൈനികനേതൃത്വവുമായുള്ള യോഗത്തിനുശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. അതേസമയം, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.എങ്കിലും ഇസ്രയേലിന് അനക്കമില്ല.മനുഷ്യരെ കൊന്നൊടുക്കുന്നതിനൊപ്പം തന്നെ അവരുടെ ചോരമണം ബാക്കിയായ ആ മണ്ണിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഇസ്രായേൽ ആരംഭിച്ചിട്ടുണ്ട്. റിയൽ എസ്‌റ്റേറ്റ് സാധ്യതയുള്ള വിളനിലമാണ് ഗാസയെന്നാണ് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചിന്റെ പ്രസ്ഥാവന. ഏതൊരു നഗരാസൂത്രണങ്ങളുടെയും ആദ്യ പടി ഇടിച്ചു നിരത്തലാണെന്നും ഞങ്ങളത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സ്‌മോട്രിച്ച് പറയുന്നു. ഗാസയിൽ ഇടിച്ചു നിരത്തി കടൽതീര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും കൂടി ചേർത്ത് വായിക്കുമ്പോൾ അമേരിക്കയുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാകും. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു എൻ രക്ഷാ സമിതിയുടെ പ്രമേയം വീണ്ടും അമേരിക്ക വീറ്റോ ചെയ്യുകയും ചെയ്തിട്ടുണ്ട്. 15 അംഗ സമിതിയിൽ 14 പേരും പ്രമേയം അംഗീകരിച്ചപ്പോൾ അമേരിക്ക മാത്രമാണ് വെടിനിർത്തലിനെതിരെ കൈ ഉയർത്തിയത്. പ്രമേയത്തിനെതിരെയുള്ള എതിർപ്പ് പ്രകടമാക്കിയ യു എസ് പോളിസി അഡൈ്വസർ മോർഗൻ ഓർട്ടഗസിനെതിരെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
















