ഉള്ളി ഇല്ലെങ്കിലെന്താ അടുക്കളയിൽ വെളുത്തുള്ളി സുലഭമല്ലേ? പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നുതിനും വെളുത്തുള്ളി ഏറെ ഗുണപ്രദമാണ്. തക്കാളിയും ഉള്ളിയും പുളിയും ഉപയോഗിച്ചു തയ്യാറാക്കാറുള്ള ചമ്മന്തി ഇനി അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ. പുളിക്കായി തൈരും, എരിവിനു മുളകുപൊടിയും ചേർക്കാം.
ചേരുവകൾ
വെളുത്തുള്ളി – 10 അല്ലി
തേങ്ങ ചിരകിയത് – ½ കപ്പ്
മുളകുപൊടി – 1 മുതൽ 1½ ടീസ്പൂൺ വരെ (രുചി അനുസരിച്ച്)
മല്ലിപ്പൊടി – 1 സ്പൂൺ
തൈര് – ½ കപ്പ് (പുളിപ്പിക്കാത്തതാണ് നല്ലത്)
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ
കടുക് – ½ ടീസ്പൂൺ
പരിപ്പ് – ½ ടീസ്പൂൺ
തൈര് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ വെളുത്തുള്ളി അല്ലികൾ ചേർത്തു വഴറ്റാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. അര കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് വെളുത്തുള്ളി വറുത്തതും, മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരിക്കൽ കൂടി അരയ്ക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി അര കപ്പ് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ഒരു ടീസ്പൂൺ കടുക് അതിലേയ്ക്കു ചേർത്തു പൊട്ടിക്കാം. ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ഇതിലേയ്ക്കു ചേർത്തു വറുക്കാം.
ഇത് അരപ്പിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർക്കാം. ഒപ്പം മുകളിൽ കുറച്ച് മല്ലിയില ചേർത്തു വിളമ്പാം.
















