തിരുവനന്തപുരം: സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണെന്ന് മന്ത്രി സജി ചെറിയാൻ. മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണെന്നും കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരുമെന്നും. തുടർ ഭരണം ഉറപ്പാണ്, എഴുതി വെച്ചോളൂ എന്നുമാണ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആഗോള അയ്യപ്പ സംഘമം പാളിപ്പോയെന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തി. പ്രതിപക്ഷം ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നുവെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല പ്രതിപക്ഷ നേതാവിനെ സജി ചെറിയാന്‍ വെല്ലുവിളിക്കുകയും ചെയ്തു. നിങ്ങൾ ശബരിമലയ്ക്കുവേണ്ടി എന്ത് ചെയ്തു, എത്ര രൂപ ചിലവാക്കി, ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
കേരളത്തിന് വേണ്ടി ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു. ഒരു റോഡ് തന്നിട്ടുണ്ടോ, ഒരു ശൗചാലയം തന്നോ, ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപി യും കോൺഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടത് എന്നാണ് അദ്ദേഹം ചോദിച്ചത്.
















