ഉച്ചയൂണിന് രുചികരമായ എന്തെങ്കിലും കറിയില്ലെങ്കിൽ ലെഞ്ച് ബോക്സ് അതേപടി തിരിച്ചു കൊണ്ടുന്ന കുട്ടിക്കുറുമ്പൻമാരാണോ നിങ്ങൾക്കുള്ളത്. എങ്കിൽ പാത്രം തുറക്കുമ്പോൾ തന്നെ മണം കൊണ്ട് കൊതിപ്പിക്കന്ന ഒരു കിടിലൻ വിഭവം അഞ്ച് മിനിറ്റിൽ തയ്യാറാക്കിയാലോ. വേവിച്ച ചോറിലേയ്ക്ക് ഇത് ചേർത്തിളക്കിയെടുക്കേണ്ട താമസമേയുള്ളൂ. അധികം പച്ചക്കറികൾ അരിയാതെ തന്നെ ഇത് പാകം ചെയ്യാം.
ചേരുവകൾ
മുട്ട – 2
ചുവന്നുള്ളി-10
വെളുത്തുള്ളി- 5
കറിവേപ്പില- 1 പിടിക്കാതിരിക്കാൻ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 1/4 ടീസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചൂ ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഉടനെ ഉഴുന്ന് പരിപ്പ് കൂടി ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പൾ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. മസാലയുടെ പച്ച മണം മാറുന്നതുവരെ അത് വഴറ്റാം. ഒരു ബൗളിൽ രണ്ട് മുട്ട പച്ചട്ടിച്ചൊഴിക്കാം. ഇത് ഇളക്കി യോജിപ്പിക്കാം. ഇത് പാനിലേയ്ക്ക് ഒഴിച്ചിഴക്കി യോജിപ്പിക്കാം. മുട്ട വെന്തു കഴിയുമ്പോൾ കുരുമുളകുപൊടിയും മല്ലിയിലയും ചേർത്തിളക്കി സ്റ്റൗ ഓഫ് ചെയ്യാം. ചോറ് ലെഞ്ച് ബോക്സിലേയ്ക്ക് മാറ്റുന്നതിനു മുമ്പ് അതിലേയ്ക്ക് ഈ മുട്ടയും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി നല്ല ചൂടൻ രസം കൂടി ഉണ്ടെങ്കിൽ ഇത് ആസ്വദിച്ചു കഴിക്കാം.
















