ചായക്കടയിലേതുപോലെ സോഫ്റ്റായ നല്ല ഉഴുന്നു വട ഇനി വീട്ടിലും തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉഴുന്ന് – അര കിലോ
- അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
- ചോറ് രണ്ട് ടേബിള്‍ സ്പൂണ്‍
- കുരുമുളക് ചെറുതായി പൊടിച്ചത് – നാലു ടീ സ്പൂൺ
- കറിവേപ്പില
- പച്ചമുളക്
- ഇഞ്ചി
- ഉപ്പ്
- വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക. ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍ വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക). ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്.)
മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം. വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക (മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). ശേഷം കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക. ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ.
















