രൂപ വീണ്ടും ഏറ്റവും തകർച്ച നേരിടുകയാണ്, ഇന്നുമാത്രം 31 പൈസയുടെ മൂല്യമാണ് കുറഞ്ഞത്. ഇപ്പോള്‍ ഡോളറിന് 88 രുപ 58 പൈസ എന്ന് നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് വർദ്ധിപ്പിച്ചതും യുഎസ് എച്ച്-1ബി വിസ ഫീസ് വർദ്ധനയും പോലുള്ള പ്രതികൂല സാഹചര്യങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. യുഎസിന്റെ തീരുമാനങ്ങൾ നിക്ഷേപകരെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.. ഏഷ്യന്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായിട്ടുണ്ട്.
2025 ൽ ഇതുവരെ രൂപയുടെ മൂല്യം 3.35 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യൻ സാധനങ്ങൾക്കുള്ള യുഎസ് താരിഫ് വർദ്ധന, എച്ച് 1 ബി വിസകൾക്ക് 100,000 യുഎസ് ഡോളർ വിസ ഫീസ് തുടങ്ങിയ നിരന്തരമായ വെല്ലുവിളികൾ രൂപയെ സമ്മർദ്ദത്തിലാക്കി, ഇത് റെക്കോർഡ് താഴ്ന്ന നിരക്കിലേക്ക് രൂപയെ എത്തിച്ചു. നിലവിൽ, എച്ച്-1ബി വിസ ഫീസ് വർദ്ധനവ് ഇന്ത്യൻ ഐടി മേഖലയിൽ നിന്നുള്ള ഓഹരി ഒഴുക്കിന് കാരണമാകുമെന്നും, ഇന്ത്യൻ രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും ഫോറെക്സ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രൂപയുടെ മൂല്യം സർവ്വാകലെ റെക്കോർഡ് താഴ്ചയിലേക്ക് എത്തുന്നതിനാൽ കറൻസി വിപണിയിൽ നേരിട്ടുള്ള ഇടപെടലിൽ നിന്ന് റിസർവ് ബാങ്ക് വിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിനാൽ അസ്ഥിരത വർദ്ധിക്കാനും കൂടുതൽ മൂല്യത്തകർച്ചയ്ക്കും സാധ്യതയുണ്ടെന്ന് ഫിൻറെക്സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.
അതേ സമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്സ് 240 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ടെക് മഹീന്ദ്ര, ടിസിഎസ് അടക്കമുള്ള ഐടി കമ്പനികളും റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
















