ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഇന്നും തുടരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ ശുഭപ്രതീക്ഷ നൽകിയെങ്കിൽ അതിനുശേഷം രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ഇടിഞ്ഞു. മോഡിയുടെ ജിഎസ്ടി 2.0 യും ട്രംപിന്റെ എച്ച്1ബി വിസയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ട്രംപ് വിജയം കണ്ടെന്ന് വേണം കരുതാൻ.ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും പുതിയ യുഎസ് എച്ച് -1 ബി വിസ ഫീസ് വർദ്ധനവിനെക്കുറിച്ചും നിലനിൽക്കുന്ന ആശങ്കകൾ നിക്ഷേപക വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്.. ട്രംപിന്റെ നീക്കം ദീര്‍ഘകാലത്ത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നു വിലയിരുത്തുമ്പോഴും ഹ്രസ്വകാല സമ്മര്‍ദം കടുത്തതാണ്.സെന്‍സെക്സ് 240 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ടെക് മഹീന്ദ്ര, ടിസിഎസ് അടക്കമുള്ള ഐടി കമ്പനികളും റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽനിലവിലെ തളര്‍ച്ചകള്‍ സ്വാഭാവികമാണെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ സെഷനുകളിലെ 1,000 പോയിന്റ് റാലി കണക്കിലെടുക്കുമ്പോള്‍ ഈ തിരുത്തല്‍ തികച്ചും സാധാരണമാണെന്നാണ് വിലയിരുത്തൽ.
എച്ച്-1ബി വിസകളുടെ ഒറ്റത്തവണ ചെലവ് യുഎസ് 100,000 ഡോളറായി (88 ലക്ഷം രൂപ) കുത്തനെ ഉയർത്തിയതിനെത്തുടർന്നാണ് ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞത്, അടുത്തിടെ ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഐടി മേഖല ഇതോടെ പ്രതിസന്ധിയിലായി .
















