ബെംഗളൂരു: രാജ്യസഭാംഗം സുധാ മൂർത്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ സൈബർ കുറ്റവാളികൾ വ്യാജ ഫോൺ കോളിലൂടെ അവരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. സുധാ മൂർത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 5 ന് രാവിലെ 9.40 നാണ് സുധാ മൂർത്തിക്ക് അജ്ഞാതരുടെ കോൾ ലഭിച്ചത്.
ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ആൾ, തന്റെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് അറിയിക്കുകയും പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ട്രൂ കോളർ ആപ്ലിക്കേഷനിൽ ‘ടെലികോം ഡിപ്പാർട്ട്മെന്റ്’ എന്നാണ് കാണിച്ചിരുന്നത്.
കൂടാതെ തന്റെ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും ഉച്ചയോടെ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ട്രൂകോളറില്‍ ടെലികോം ഡിപ്പാർട്ട്‌മെന്റ് എന്നായിരുന്നു വിളിച്ചയാളുടെ നമ്പര്‍ കാണിച്ചത്. തന്നെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പ്രതി അനുചിതമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
സെപ്റ്റംബർ 20 ന് സൈബർ ക്രൈം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീടാണ് സംഭവം പുറത്തുവന്നത്. അതേസമയം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിളിച്ചയാളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഐടി ആക്ടിലെ സെക്ഷൻ 66(സി), 66(ഡി), 84(സി) എന്നിവ പ്രകാരമാണ് പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്.
















